കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (സെപ്റ്റംബർ 12, 13) ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുന്നത് നന്നായിരിക്കും. പുറത്തിറങ്ങുമ്പോൾ അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുക. പഴങ്ങളും പച്ചക്കറികളും ORS ലായനി, സംഭാരം തുടങ്ങിയവയും ധാരാളമായി ഉപയോഗിക്കുക.
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉച്ചവെയിലിൽ പുറത്തിറങ്ങരുത്. സ്കൂളുകളിലും അങ്കണവാടികളിലും വിദ്യാർഥികൾക്ക് തണലും കുടിവെള്ളവും ആവശ്യത്തിന് വായുസഞ്ചാരവും ഉറപ്പാക്കണം. കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും പകൽ 11 മുതൽ 3 വരെയുള്ള വിനോദയാത്രകളും ഒഴിവാക്കണം. നിർമാണ-കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പോലീസുകാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമവും കുടിവെള്ളവും ഉറപ്പാക്കുകയും വേണം.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്കും മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവടങ്ങളിൽ തീപിടുത്തത്തിനുമുള്ള സാധ്യത കൂടുതലായതിനാൽ കൃത്യമായ ജാഗ്രത പുലർത്തണം. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുതെന്നും ജലം ലഭ്യത ഉറപ്പാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.
