ചരിത്രവും രാഷ്ട്രീയവും ഇഴചേർന്ന ഇടം
മഞ്ചേരിയുടെ സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതാണ് ഈ കെട്ടിടം. ഒരുകാലത്ത് 'ക്രസന്റ് കൾച്ചർ സെന്ററും' മുസ്ലിം ലീഗ് പാർട്ടി ഓഫീസുമെല്ലാം പ്രവർത്തിച്ചു വന്നിരുന്നത് ഈ ബിൽഡിങ്ങിലായിരുന്നു. അക്കാലത്ത് നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്.
ലൗഡ്‌സ്പീക്കറിലൂടെ മുഴങ്ങിയ മമ്മൂട്ടിയുടെ ശബ്ദം
മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ ആദ്യകാല ജീവിതവുമായി ഏറെ ബന്ധമുള്ളതാണ് പൊളിച്ചുമാറ്റുന്ന ഈ കെട്ടിടം. അക്കാലത്ത് മഞ്ചേരിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് ശബ്ദം നൽകിയിരുന്നത് അദ്ദേഹമായിരുന്നു. ഈ കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിച്ചിരുന്ന ക്രസന്റ് കൾച്ചറൽ സെന്ററിന്റെ ലൗഡ്‌സ്പീക്കറിലൂടെയായിരുന്നു ആ ശബ്ദം പുറത്തുവന്നിരുന്നത്. മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ മഞ്ചേരിയിലെ വ്യാപാരസ്ഥാപനങ്ങളെക്കുറിച്ച് അങ്ങാടിയിലെത്തുന്നവർ അറിഞ്ഞു. വൈകുന്നേരങ്ങളിലെ ഈ പരസ്യപ്രചാരണം കേൾക്കാൻ വേണ്ടി മാത്രം നിരവധി ആളുകൾ അന്ന് അങ്ങാടിയിൽ എത്തിയിരുന്നു.
മഞ്ചേരിയിൽ അഡ്വ. ശ്രീധരൻ നായരോടൊപ്പം വക്കീലായി പ്രാക്‌ടീസ് ചെയ്തിരുന്ന മമ്മൂട്ടിയുടെ ആദ്യനാളുകളിലെ ഒരു പ്രധാന വരുമാനമാർഗം കൂടിയായിരുന്നു ഈ അനൗൺസ്മെന്റുകൾ എന്ന് അദ്ദേഹം തന്നെ തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം
ചരിത്രപരമായ പ്രാധാന്യമുണ്ടെങ്കിലും, നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം നിലവിലെ വാഹനത്തിരക്കിന് ഒരു തടസ്സമായി മാറിയിരുന്നു. കെട്ടിടം പൂർണ്ണമായും പൊളിച്ചു മാറ്റുന്നതോടെ മഞ്ചേരി നഗര കേന്ദ്രത്തിലുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓർമ്മകൾക്ക് വിട നൽകി, നഗരത്തിന്റെ പുതിയ മുഖത്തിന് കാത്തിരിക്കുകയാണ് മഞ്ചേരിക്കാർ.