എളങ്കൂർ-പേലേപ്പുറം റോഡിലെ യാത്ര ദുരിതാവസ്ഥയിൽ : നാട്ടുകാർ സമരത്തിലേക്ക്



എളങ്കൂർ: എളങ്കൂർ- പേലേപ്പുറം റോഡിൽ കല്ലിമ്മൽചിറയിലെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഫണ്ട് അനുവദിച്ചെന്ന് പലതവണ പറഞ്ഞിട്ടും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഇതുവരെ യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.
​എളങ്കൂർ മേഖലയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന റോഡുകളിലൊന്നാണിത്. ചെറുകുളം, ചാരങ്കാവ് ഭാഗങ്ങളിൽ നിന്ന് എളങ്കൂർ, തിരുവാലി, വടപുറം വഴി നിലമ്പൂർ, വഴിക്കടവ് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന ഈ റോഡിൽ വാഹനത്തിരക്കും വളരെ കൂടുതലാണ്. എന്നാൽ മഴ ശക്തമായതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമായി മാറി. താൽക്കാലിക പരിഹാരമായി അടുത്തിടെ ക്വാറി വേസ്റ്റ് കൊണ്ടുവന്ന് നിരത്തിയെങ്കിലും കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് ഇതിലൂടെ കടന്നുപോകാൻ വലിയ പ്രയാസം നേരിടുന്നുണ്ട്.
​റോഡിന്റെ ഇരുവശവും പാടവും തോടും ഓവുപാലവും സ്ഥിതി ചെയ്യുന്നതിനാൽ ഇത് പൂർണ്ണമായും ഗതാഗത യോഗ്യമാക്കാൻ വലിയ തുക ആവശ്യമാണ്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. വിഷയം അധികൃതരുടെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ടുവന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. റോഡ് നന്നാക്കുന്നതിലെ അനാസ്ഥയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ.
​പ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം. സിദ്ദീഖ്  കുട്ടശ്ശേരി, ബാവേഷ് ആലുങ്ങൽ, ശങ്കറുണ്ണി എളങ്കൂർ, യൂസുഫ് തിരുത്തിയൽ, മണികണ്ഠൻ എളങ്കൂർ, അനീസ് ആലുങ്ങൽ, സി.കെ ഇബ്രാഹീം, സി.കെ മുഹമ്മദ്, റഷീദ് പുതിയത്ത്, സി.ടി ഉമർ സമീർ കുഞ്ഞാണി, കുഞ്ഞി മുഹമ്മദ് കൊമ്പൻ തുടങ്ങിയവരാണ് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top