ചെരണി: മഞ്ചേരി നിലമ്പൂർ റോഡിൽ എളങ്കൂർ റോഡ് ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് നിരത്ത് വിഭാഗം തയ്യാറാക്കിയ 25 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതിയുടെ ഭാഗമായി ഇവിടെ 300 മീറ്റർ നീളത്തിൽ പുതിയ ഡ്രൈനേജ് നിർമിക്കും. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
എളങ്കൂർ റോഡ് ജങ്ഷനിൽ പ്രധാനമായും രണ്ടിടങ്ങളിലാണ് മഴവെള്ളം കെട്ടിനിൽക്കുന്നത്. ശക്തമായ മഴയിൽ വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ വെള്ളക്കെട്ട് മൂലം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുകയും പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.
എം.എൽ.എയ്ക്ക് പുറമെ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ജലീൽ മരത്താണി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.എ. സലാം, തൃക്കലങ്ങോട് വില്ലേജ് ഓഫീസർ ഗോപകുമാർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. കൂടാതെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജയൻ, ഷിറാജ്, സിനി, ഫസീഹ, വിനീത് എന്നിവരും നാട്ടുകാരായ ജയപ്രകാശ് ബാബു, യൂസുഫ് മേച്ചേരി, അബ്ദു ഹാജി, കെ.പി. ഷാജി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.