തൃക്കലങ്ങോട്: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ 240 അംഗ ലഹരി വിരുദ്ധ സേന രൂപീകരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെയും പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെയും ഭാഗമായാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ കർമ്മസേന വരുന്നത്. പദ്ധതിക്കായി പഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നുമായി സന്നദ്ധരായ 4 സ്ത്രീകളും 6 പുരുഷന്മാരും അടങ്ങുന്ന 10 പേരെ വീതം തിരഞ്ഞെടുത്താണ് 240 അംഗ സേനയ്ക്ക് രൂപം നൽകുന്നത്.
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ക്ലബ്ബ്-രാഷ്ട്രീയ-മത സംഘടനാ പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് വിപുലമായ ക്യാമ്പയ്‌ൻ ഉദ്ഘാടന സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റ് എൻ.പി മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. വൈസ് പ്രസിഡന്റ് ലില്ലി ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം.എസ്.എ അൻവർ കോയ തങ്ങൾ, ശ്രീദേവി പ്രാക്കുന്ന്, മജീദ് പാലക്കൽ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അസഹർ മറ്റ് പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.