നിഴൽ വഴിമാറുന്ന നട്ടുച്ച; മഞ്ചേരിയിൽ നാളെ 'സീറോ ഷാഡോ ഡേ'

മഞ്ചേരി: തലയ്ക്കുമുകളിൽ സൂര്യൻ കത്തിജ്വലിച്ചു നിൽക്കുമ്പോൾ നാം ഇത്തിരി തണൽതേടി പോകാറില്ലേ. എന്നാൽ ഈ ആശ്വാസത്തണൽ ശനിയാഴ്ച നമുക്കു ലഭിക്കില്ല. നിഴൽ അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ് (സീറോ ഷാഡോ ഡേ) ഇതിനുകാരണം. സൂര്യൻ ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽനിന്ന് ഉത്തരായന ഗോളത്തിലേക്ക് കടക്കുമ്പോളാണ് ഈ നിഴലില്ലാ അവസ്ഥ വരുന്നത്.
മഞ്ചേരിയിൽ ഉച്ചയ്ക്ക് 12.25-നാകും നിഴലുകൾ അപ്രത്യക്ഷമാവുക. കേരളത്തിൽ മറ്റിടങ്ങളിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഈ പ്രതിഭാസം ദൃശ്യമാകും.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവു കാരണം സൂര്യരശ്മികൾ എപ്പോഴും നേർകിഴക്കോ നേർ പടിഞ്ഞാറോ അല്ല ഉദിക്കുന്നതും അസ്തമിക്കുന്നതും. അതുകൊണ്ട് നട്ടുച്ചയ്ക്കും നമ്മുടെ നിഴലിനു തെക്കോട്ടോ വടക്കോട്ടോ നീളമുണ്ടാകും. എന്നാൽ ശനിയാഴ്ച ഭൂമധ്യരേഖയ്ക്ക് 11.12 ഡിഗ്രി വടക്കുമാറിയുള്ള മഞ്ചേരിയിൽ ഉച്ചയ്ക്ക് 12.25-ന് സൂര്യൻ നേർതലയ്ക്ക് മുകളിലാവും. സൂര്യരശ്മികൾ കുത്തനെ പതിക്കും. ആ സമയം നിഴൽ ദൃശ്യമാകില്ല.

ഓഗസ്റ്റ് 24-ന് സൂര്യന്റെ തെക്കോട്ടുള്ള യാത്രയിലും ജില്ലയിൽ ഈ പ്രതിഭാസം ആവർത്തിക്കും. സൂര്യന്റെ തെക്കോട്ടും വടക്കോട്ടുമുള്ള ഈ ചലനത്തെ അയന ചലനമെന്നാണ് പറയുക.
ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി തെക്കും വടക്കുമുള്ള ഭാഗങ്ങളിൽ മാത്രമേ ഈ കാഴ്ച ദൃശ്യമാവുകയുള്ളൂവെന്ന് വാനനിരീക്ഷകനും മലപ്പുറം അമേച്ചർ ആസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ വൈസ് ചെയർമാനുമായ ഉണ്ണികൃഷ്ണൻ മംഗലശ്ശേരി പറഞ്ഞു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top