മഞ്ചേരി: ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് ആശ്വാസമേകി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എംപിയും അബ്ദു സമദാനി എംപിയും തങ്ങളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു.
മെഡിക്കൽ കോളേജിലെ ഇന്റർവെൻഷണൽ റേഡിയോളജി ബ്ലോക്കിലാണ് പുതിയ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ആകെ പത്ത് ഡയാലിസിസ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യമുണ്ട്. നിലവിൽ എട്ട് യന്ത്രങ്ങളാണ് സജ്ജമായിരിക്കുന്നത്. ഒരേസമയം രണ്ട് ഷിഫ്റ്റുകളിലായി 16 രോഗികൾക്ക് ഇവിടെ ഡയാലിസിസ് ചെയ്യാൻ സാധിക്കും എന്നത് രോഗികൾക്ക് വലിയ ആശ്വാസമാകും.
അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ചേരി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ പി.എസ്. ഷീന റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ആർ. പ്രഭുദാസ്, പ്രിൻസിപ്പാൾ ഡോ. കെ.കെ. അനിൽരാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ. ഷിബുലാൽ, ജൂനിയർ കൺസൾട്ടന്റ് ഡോ. നസീല തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
സർക്കാർ മേഖലയിൽ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡയാലിസിസ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളിലെ വലിയ ചികിത്സാ ചിലവുകൾ ഒഴിവാക്കി സാധാരണക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ മഞ്ചേരി മെഡിക്കൽ കോളേജിന് സാധിക്കും. ഗവ. നഴ്‌സിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിന്ധു, വാർഡ് കൗൺസിലർ ഷെറീന ജവഹർ, എച്ച്.ഡി.എസ് അംഗങ്ങളായ വി.എം. ഷൗക്കത്ത്, വി.പി. ഫിറോസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.